Petrol Price: റഷ്യൻ എണ്ണയോട് ഇന്ത്യയ്ക്ക് 'മൊഹബത്ത്', കുറിമാനം ചൈനയിൽ നിന്ന്; ഇറക്കുമതി വീണ്ടും വർധിച്ചു

Authored by ശ്രീജിത്ത് എസ് | The Economic Times Malayalam | Updated: 23 Jun 2024, 6:35 am

Petrol Diesel Price Today: ഇന്ത്യയ്ക്ക് റഷ്യൻ കുറിമാനവുമായി ചൈന. റഷ്യൻ എണ്ണയോട് തന്നെ ഇന്ത്യയ്ക്കു പ്രിയം. യുഎസും തൊട്ടുപിന്നിൽ. ആഗോള എണ്ണവിപണിയിലെ ട്രെൻഡുകളും, നിരക്കുകളും അറിയാം.

Petrol Rate: വീണ്ടും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. യുക്രൈൻ യുദ്ധത്തെ തുടർന്നു കടുത്ത ഉപാേധം നേരിടുന്നതിനിടെയാണ് ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ. കഴിഞ്ഞ മാസം ആഗോള എണ്ണവില ഇടിഞ്ഞതോടെ റഷ്യൻ എണ്ണ കൂടുതൽ ആകർഷകമായിരുന്നു. ഈ അവസരമാണ് ഇന്ത്യ വിനിയോഗിച്ചത്. മെയ് മാസത്തിൽ പ്രതിദിനം 2.1 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡാണ് ഇന്ത്യ റഷ്യയിൽ നിന്നു വാങ്ങിക്കൂട്ടിയത്.
Petrol Price
അതേസമയം ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതിനാൽ റഷ്യൻ എണ്ണയ്ക്കുള്ള ഡിസ്‌കൗണ്ട് വർധിപ്പിച്ചതാണ് ഇതിനു കാരണമെന്നു വിദഗ്ധർ പറയുന്നു. ഈ ഉയർന്ന വാ്ങ്ങലോടെ ഇന്ത്യയുടെ എണ്ണ വിപണിയിൽ റഷ്യയുടെ വിഹിതം ഏകദേശം 41% ആയി ഉയർന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും, ഉപഭോക്താവുമായ ഇന്ത്യയുടെ പ്രിയ വിതരണക്കാരുമായി റഷ്യ മാറി.

ഏഷ്യൻ വിപണികൾക്കുള്ള ക്രൂഡ് വില അരാംകോ തുടർച്ചയായി വർധിപ്പിക്കുന്നതും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തിൽ തുടർച്ചയായി രണ്ടാം മാസവും ടേം വിലകൾ ഉയർത്തിതോടെ, സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

അതേസമയം ഇന്ത്യയുടെ എണ്ണ ആവശ്യകത മാസം തോറും വർധിച്ചുകൊണ്ടിരിക്കുന്നുവെന്നാണു റിപ്പോർട്ട്. മേയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി ഏപ്രിലിൽ നിന്ന് 5.6% വർധിച്ചു. അതായത് ഏകദേശം 5.1 ദശലക്ഷം ബിപിഡിയിൽ എത്തി. ഇതിൽ റഷ്യൻ എണ്ണ ഇറക്കുമതി മാത്രം മുൻ മാസത്തേക്കാൾ 14.7% വർധിച്ചു. ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വർധന 5.9 ശതമാനമാണ്.

ഇന്ത്യൻ റിഫൈനർമാർ മുൻ മാസം റഷ്യൻ എണ്ണയിലെ ഇളവുകൾ മുതലെടുത്തുവെന്നു പറയുന്നതാകും ശരി. 2025 ഓടെ ആഗോള എണ്ണവില ബാരലിന് 60 ഡോളർ റേഞ്ചിലേയ്ക്ക് ഇടിയുമെന്നാണ് വിശകലന വിദഗ്ധരായ സിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. അങ്ങനെയെങ്കിൽ റഷ്യൻ എണ്ണയിലെ വില പരിധി അപ്രസക്തമാകും. കാരണം നിലവിലെ വില പരിധി 60 ഡോളർ ആണ്. ആഗോള എണ്ണവില 60 ഡോളറിലേയ്ക്ക് ഇടി്ഞ്ഞാൽ റഷ്യൻ എണ്ണയിലെ ഇളവ് മികച്ചതാകും.

നിലവിൽ വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് മുതലാക്കി, മിഡിൽ ഈസ്റ്റിൽ നിന്നുള്ള സമാന ഗ്രേഡുകളേക്കാൾ സാമ്പത്തികം നേട്ടം കൈവരിക്കുകയാണ് ഇന്ത്യ. യുക്രൈൻ അധിനിവേശത്തിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ പല യൂറോപ്യൻ രാജ്യങ്ങളെയും റഷ്യൻ എണ്ണയിൽ നിന്ന് അകറ്റി. കൂടാതെ ഉപരോധവും വില്ലനായി. തുടർന്നാണ് പുടിൻ സർക്കാർ റഷ്യൻ എണ്ണയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചത്. ഈ കിഴിവുള്ള സപ്ലൈകൾ സുരക്ഷിതമാക്കാൻ ഇന്ത്യയെ അനുവദിച്ചു. ഈ തന്ത്രപരമായ മാറ്റം ഇന്ത്യക്ക് സുസ്ഥിരമായ വിതരണം ഉറപ്പാക്കുക മാത്രമല്ല, ഇറക്കുമതിച്ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.

ഇന്ത്യയുടെ വിശാലമായ എണ്ണ ഇറക്കുമതി തന്ത്രത്തിൽ യുഎസിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന വാങ്ങലുകൾ കൂടി ഉൾപ്പെടുന്നു. 2023- 24 സാമ്പത്തിക വർഷം മുതൽ രാജ്യം കൂടുതൽ യുഎസ് ക്രൂഡ് ഇറക്കുമതി ചെയ്യുന്നു. ഉറവിട വൈവിധ്യവൽക്കരണം, ഊർജ്ജ സുരക്ഷ എന്നിവയാണ് ലക്ഷ്യം. റഷ്യയിൽ നിന്നുള്ള റെക്കോഡ് എണ്ണ ഇറക്കുമതിയും, യുഎസിൽ നിന്നുള്ള വർദ്ധിച്ച വാങ്ങലുകളും ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ചെലവ് നിയന്ത്രിക്കാനും, വിതരണ സ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നു.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശ്രീജിത്ത് എസ് നെ കുറിച്ച്
ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
ശ്രീജിത്ത് എസ്- ഇടി മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ്. 2016 മുതൽ ബിസിനസ് ജേണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മംഗളം ദിനപ്പത്രത്തിൽ അ‌ഞ്ചു വർഷത്തോളം സബ് എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയും, ജേണലിസത്തിൽ ബിരുദാന്തര ഡിപ്ലോമയും നേടി.Read More