Please enable javascript.income tax section 80 c expectations: Modi 3.0 Budget: ആദായ നികുതി; 80C ആനുകൂല്യങ്ങൾ പുതിയ നികുതി ഘടനയിൽ ബാധകമാക്കണമെന്ന് ആവശ്യം - itr 80c benefits extension to new tax regime budget 2024 expectations | The Economic Times Malayalam

Modi 3.0 Budget: ആദായ നികുതി; 80C ആനുകൂല്യങ്ങൾ പുതിയ നികുതി ഘടനയിൽ ബാധകമാക്കണമെന്ന് ആവശ്യം

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 17 Jun 2024, 1:07 pm

Modi 3.0 Budget: കേന്ദ്ര ബജറ്റ് 2024 ജൂലൈയിൽ അവതരിപ്പിക്കും. പുതിയ നികുതി ഘടനയെ കൂടുതൽ സ്വീകാര്യമാക്കാനുള്ള നടപടികൾ പ്രതീക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ സെക്ഷൻ 80C ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യം

 
ITR
Modi 3.0 Budget: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ 2024 ജൂലൈ രണ്ടാം പകുതിയോടെ അവതരിപ്പിക്കും. രാജ്യത്തെ മധ്യവർഗക്കാരും, വ്യാപാരികളുമെല്ലാം പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ബജറ്റിനെ നോക്കിക്കാണുന്നത്. ആദായ നികുതി വകുപ്പ് 80C പ്രകാരമുള്ള ഡിഡക്ഷൻസ് പുതിയ നികുതി ഘടനയിലും ബാധകമാക്കുമോ എന്ന ചർച്ചകൾ ഇപ്പോൾ സജീവമാണ്. ഇത്തരത്തിൽ പരിഷ്ക്കാരങ്ങൾ വരുത്തേണ്ടത് കാലികമായ ആവശ്യമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2020 കേന്ദ്ര ബജറ്റിലാണ് മോദി സർക്കാർ പുതിയ നികുതി ഘടന (New tax regime) കൊണ്ടു വന്നത്. നിലവിലുള്ള നികുതി ഘടനയോടൊപ്പമാണ് ഇത് നടപ്പാക്കിയത്. നികുതി ദായകർക്ക് സമാന്തരമായ ഒരു ഓപ്ഷൻ നൽകുകയാണ് ഇതിലൂടെ ചെയ്തത്. തുടക്കത്തിൽ, പുതിയ നികുതി ഘടന വ്യാപകമായി സ്വീകരിക്കപ്പെടുമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ. കുറഞ്ഞ നിരക്കിലുള്ള ടാക്സ് സ്ലാബുകൾ, എക്സംപ്ഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്ക് സ്വീകാര്യത ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

എന്നാൽ ഉദ്ദേശിച്ച വിധത്തിൽ നികുതി ദായകരെ ആകർഷിക്കാൻ പുതിയ നികുതി ഘടനയ്ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തപ്പെട്ടത്. തുടർന്ന് പുതിയ നികുതി ഘടനയിൽ സർക്കാർ ചില അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവുകയായിരുന്നു. സ്റ്റാൻഡേർഡ് ഡി‍ഡക്ഷൻ ആനുകൂല്യങ്ങൾ നടപ്പാക്കുകയും, 7 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി വരുമാനത്തിൽ റിബേറ്റ് നൽകുകയും ചെയ്തു.

പുതിയ നികുതി ഘടനയിലെ നേട്ടങ്ങൾ
പുതിയ ടാക്സ് ഘടന പ്രകാരം 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധകമല്ല. ശമ്പള വരുമാനമുള്ളവർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിച്ചു. ഇതിലൂടെ 7.5 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായ നികുതി ഒഴിവാക്കി നൽകി. അതേസമയം 7.5 ലക്ഷം രൂപയിൽ കൂടുതലാണ് വരുമാനമെങ്കിൽ കുറഞ്ഞ നിരക്കിൽ, മുഴുവൻ വരുമാനത്തിനും നികുതി ബാധകമാക്കി.

ചില പ്രതീക്ഷകൾ

പുതിയ നികുതി ഘടനയെ കൂടുതൽ ആകർഷകമാക്കുന്നതിന് ഇനിയും സർക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരത്തിൽ അധിക ഡിഡക്ഷനുകൾ അനുവദിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്. നിലവിൽ ആദായ നികുതി നിയമത്തിലെ 80C വകുപ്പിന്റെ ആനുകൂല്യങ്ങൾ, പുതിയ നികുതി ഘടനയിൽ (Default tax regime) ലഭ്യമല്ല. പുതിയ ബജറ്റിൽ 80C വകുപ്പിന്റെ നികുതി നേട്ടങ്ങൾ പുതിയ നികുതി ഘടനയിലും ബാധകമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

കൂടാതെ പഴയ നികുതി ഘടനയിലെ 80C വകുപ്പ് പ്രകാരമുള്ള ഡിഡക്ഷൻ ലിമിറ്റ് 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായി വർധിപ്പിക്കണമെന്നത് മറ്റൊരു ആവശ്യമാണ്. അവസാനമായി 80C പ്രകാരമുള്ള ഡിഡക്ഷൻ ലിമിറ്റ് പുതുക്കിയത് 2014 വർഷത്തിലാണ്. അതിനു ശേഷം ഒരു പതിറ്റാണ്ട് തികയുമ്പോൾ നികുതി നിരക്കുകൾ പുനർ നിർണയിക്കണമെന്ന വാദമാണ് ശക്തമാകുന്നത്.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More