ആശുപത്രി ചികിത്സ ഇനി മുടങ്ങില്ല; ഹെൽത്ത് ഇൻഷുറൻസിലെ 6 ഗുണകരമായ മാറ്റങ്ങൾ അറിഞ്ഞിരിക്കാം

Authored by പിൻ്റു പ്രകാശ് | The Economic Times Malayalam | Updated: 26 Jun 2024, 12:27 pm

രാജ്യത്ത് ആരോ​ഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിലും നിബന്ധനകളിലും അടുത്തിടെ നടപ്പാക്കിയതും ഹെൽത്ത് പോളിസി ഉടമകൾക്ക് തികച്ചും ​ഗുണകരവുമായി ഭവിക്കുന്ന നിരവധി പരിഷ്കാരങ്ങളുണ്ട്. ഇവയിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട ആറ് നിയമ പരിഷ്കാരങ്ങളുടെ വിശദാംശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്യാഷ്‍ലെസ് ചികിത്സാ സേവനം മുതൽ മൊറട്ടോറിയം കാലവധിയിൽ വന്നിട്ടുള്ള പുതിയ മാറ്റങ്ങൾ അറിയാം.

ഹൈലൈറ്റ്:

  • ഹെൽത്ത് ഇൻഷുറൻസിൽ നിരവധി പരിഷ്കാരങ്ങൾ
  • പോളിസി ഉടമകൾക്ക് ഗുണകരമായ ആറ് മാറ്റങ്ങൾ
  • ആശുപത്രി ചികിത്സ മുടങ്ങുമെന്ന പേടി ഇനി വേണ്ട
Health Insurance Rules Changes 2024
പ്രതീകാത്മക ചിത്രം
ഇന്നത്തെ കാലത്ത് ആശുപത്രി ചികിത്സയുടെ ചെലവ് നേരിടാൻ ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ നിരവധിയാണ്. എങ്കിൽ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട്, പോളിസി ഉടമകൾക്ക് ഏറെ പ്രയോജനപ്പെടുന്നതും ഉപകാരപ്രദവുമായ നിയമ പരിഷ്കാരങ്ങളും മാറ്റങ്ങളും അടുത്തകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് പരിഷ്കാരങ്ങളാണ് ഇന്ന് വിശദമാക്കുന്നത്.

1. ക്യാഷ്‍ലെസ് എവരിവെയർ


അടുത്തിടെ വന്ന മാറ്റത്തിലൂടെ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളവർക്ക് രാജ്യത്തെ ഏത് ആശുപത്രിയിൽ നിന്നും ക്യാഷ്‍ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. നേരത്തെ ഇൻഷുറൻസ് കമ്പനിയുമായി പങ്കാളിത്തമുള്ള (നെറ്റ്‍വർക്ക്) ആശുപത്രികളിൽ മാത്രമായിരുന്നു പണം നൽകാതെ തന്നെ ചികിത്സ സാധ്യമാക്കുന്ന ക്യാഷ്‍ലെസ് ട്രീറ്റ്മെന്റ് സേവനം ലഭ്യമായിരുന്നത്. ഇൻഷുറൻസ് കമ്പനിയുമായി പങ്കാളിത്തമില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടിയിരുന്നവർ, മെഡിക്കൽ ബില്ലുകളുടെ പണം ആദ്യം അടച്ചശേഷം പിന്നീട് ക്ലെയിം ചെയ്തു ചികിത്സയ്ക്കു വേണ്ടി ചെലവാക്കിയ തുക തിരികെ വാങ്ങുന്ന റീഇംബേഴ്സ്മെന്റ് നടപടിക്രമങ്ങളിലൂടെ കടന്നുപോകണമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ ജനറൽ ഇൻഷുറൻസ് കൗൺസിൽ അവതരിപ്പിച്ച സംവിധാനമായ 'ക്യാഷ്‍ലെസ് എവരിവെയർ' മുഖേന ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ള എല്ലാവർക്കും ഇനി മുതൽ ഏത് ആശുപത്രിയിൽ നിന്നും പണം നൽകാതെ തന്നെ ചികിത്സ നടത്താനാകും.

2. വെയിറ്റിങ് പീരീയഡ് കുറച്ചു


ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്ന വേളയിൽ, ഇൻഷുറൻസ് കമ്പനി നിഷ്കർഷിച്ചിട്ടുള്ള ചിലതരം ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും ഉള്ളവർക്ക് നിശ്ചിത കാലാവധി കാത്തിരുന്നാൽ മാത്രമേ അഥവാ വെയിറ്റിങ് പീരിയഡ് പൂർത്തിയായാൽ മാത്രേമ, ചികിത്സാ സേവനം ലഭ്യമാകുന്ന ഹെൽത്ത് കവറേജ് അഥവാ പരിരക്ഷ ആരംഭിക്കുക ഉണ്ടായിരുന്നുള്ളു. നേരത്തെ, ഇത്തരം കാത്തിരുപ്പിന്റെ പരാമാവധി കാലാവധിയായി നാല് വർഷമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അടുത്തിടെ വന്ന പരിഷ്കരണത്തോടെ പ്രീ-എക്സ്റ്റിങ് ഡിസീസിന് ഉള്ള വെയിറ്റിങ് പീരിയ‍ഡ് നാലിൽ നിന്നും മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്.

3. ആയുഷ് ചികിത്സയ്ക്ക് പരിധിയില്ല


ആധുനിക ചികിത്സയ്ക്ക് ലഭ്യമാക്കുന്ന പരിരക്ഷയ്ക്കു സമാനമായി ആയുഷ് ചികിത്സ രീതികളായ ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവ മുഖേനയുള്ള ചികിത്സാ ചെലവുകൾക്കും ഹെൽത്ത് കവറേജ് ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ അനുവദിച്ചിരുന്ന മൊത്തം കവറേജിന്റെ നിശ്ചിത പരിധിക്കുള്ളിൽ വരുന്ന തുകയ്ക്കു മാത്രമേ ആയുഷ് ചികിത്സ രീതിയിലുള്ള മെഡിക്കൽ ചെലവുകൾക്കുള്ള ക്ലെയിം അനുവദിച്ചിരുന്നുള്ളു. എന്നാൽ പുതിയ പരിഷ്കാരത്തോടെ, നിഷ്കർഷിച്ചിട്ടുള്ള സാഹചര്യങ്ങൾക്ക് അനുസൃതമായി പോളിസിയിൽ അനുവദിച്ചിട്ടുള്ള മുഴുവൻ ഇൻഷുറൻസ് കവറേജും ആയുഷ് ചികിത്സയ്ക്കായും വിനിയോഗിക്കാൻ സാധിക്കും.

4. മൂന്ന് മണിക്കൂറിനുള്ളിൽ ക്യാഷ്‍ലെസ് ക്ലെയിം തീർപ്പാക്കണം


പോളിസി ഉടമയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ, ചികിത്സാ ചെലവുകൾക്കും മെഡിക്കൽ ബില്ലുകൾക്കും വേണ്ടി ആശുപത്രിയുടെ ഭാഗത്തു നിന്നും വരുന്ന ക്ലെയിം അപേക്ഷകൾ പരമാവധി മൂന്ന് മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടിട്ടുണ്ട്. അതുപോലെ ആശുപത്രയിൽ ചികിത്സ തേടുന്ന അഡ്മിഷൻ സമയത്ത് ക്യാഷ്‍ലെസ് ക്ലെയിം അപേക്ഷ തീർപ്പാക്കുന്നതിനായി പരമാവധി ഒരു മണിക്കൂർ കാലാവധിയും ഐആർഡിഎഐ നിർദേശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങളിലൂടെ ആശുപത്രിയിൽ അഡ്മിഷൻ എടുക്കുന്ന വേളയിലേയും ഡിസ്ചാ‌ർജ് ചെയ്യുമ്പോഴുമുള്ള കാലതാമസം കുറയ്ക്കാൻ സഹായിക്കുന്നു.

5. മോറട്ടോറിയം 5 വർഷമായി കുറച്ചു


പോർട്ടബിലിറ്റി, മൈഗ്രേഷൻ എന്നിവ ഉൾപ്പെടെ ആണെങ്കിലും തുടർച്ചയായി അഞ്ച് വർഷത്തെ കവറേജ് പൂർത്തിയായിട്ടുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ, നേരത്തെ വിവരം വെളിപ്പെടുത്തിയിട്ടില്ല അല്ലെങ്കിൽ തെറ്റായ വിവരം നൽകി എന്നിങ്ങനെയുള്ള കാരണത്താൽ ക്ലെയിം നിരസിക്കാനാകില്ല. നേരത്തെ ഈ മോറട്ടോറിയം കാലാവധി എട്ട് വർഷമായിരുന്നു.

6. ഒന്നിലധികം പോളിസികളിലൂടെയുള്ള ക്ലെയിം


ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കവേ തന്നെ ചികിത്സ ചെലവ് നേരിടുന്നതിനായി ഒന്നിലധികം ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്തുന്നതിന് പോളിസി ഉടമകളെ അനുവദിക്കും. ഉദാഹരണത്തിന്, 5 ലക്ഷം രൂപയുടെയും 10 ലക്ഷം രൂപയുടെയും കവറേജ് നൽകുന്ന രണ്ട് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഒരാളുടെ കൈവശം ഉണ്ടെന്ന് കരുതുക. അയാൾക്ക് ചികിത്സ ചെലവിനത്തിൽ 12 ലക്ഷം രൂപയുടെ ആശുപത്രി ബിൽ വന്നിട്ടുണ്ടെന്നും കരുതുക. എങ്കിൽ അദ്ദേഹത്തിന്റെ കൈവശമുള്ള രണ്ട് ഹെൽത്ത് പോളിസികളും ക്ലെയിം ചെയ്തു മെഡിക്കൽ ബിൽ അടയ്ക്കാൻ ഇനി മുതൽ സാധിക്കും.

എന്തായാലും ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള അനുകൂല മാറ്റങ്ങളും പരിഷ്കാരങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

Insurance Coverage Type: ബൈക്ക് ഇൻഷുറൻസ്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
പിൻ്റു പ്രകാശ് നെ കുറിച്ച്
പിൻ്റു പ്രകാശ് സീനിയർ വീഡിയോ പ്രൊഡ്യൂസർ
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ എക്കണോമിക് ടൈംസിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.Read More