Please enable javascript.Shiva Lingam Melting,അമർനാഥിലെ ശിവലിംഗം ഉരുകുന്നു; കാരണം ഇതാണ് - amarnath shrine's shiva lingam melting - Samayam Malayalam

അമർനാഥിലെ ശിവലിംഗം ഉരുകുന്നു; കാരണം ഇതാണ്

Authored byപ്രണവ് മേലേതിൽ | Samayam Malayalam 6 Jul 2024, 9:12 pm
Subscribe

അമർനാഥ് ഗുഹയിലെ ശിവലിംഗം നേരത്തേ തന്നെ ഉരുകിത്തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഉരുകി മെലിഞ്ഞ ശിവലിംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹൈലൈറ്റ്:

  • കുറച്ച് ആഴ്ചകളായി താഴ്വാരത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്
  • അമർനാഥിൽ ഇതുവരെ ഒന്നര ലക്ഷത്തോളം പേർ എത്തി
  • 52 ദിവസം നീണ്ടുനിൽക്കുന്നതാണ് അമർനാഥ് തീർത്ഥാടനം
amarnath himalingam
അമർനാഥിലെ ഹിമലിംഗം ഉരുകുന്നു
ന്യൂഡൽഹി: അമർനാഥ് ഗുഹയിലെ ശിവലിംഗം ഉരുകാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ജൂൺ 29നാണ് അമർനാഥ് യാത്ര തുടങ്ങിയത്. മേഖലയിലെ കടുത്ത ഉഷ്ണതരംഗമാണ് ശിവലിംഗം ഉരുകുന്നതിന് കാരണമായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അമർനാഥ് ഗുഹാക്ഷേത്രത്തിലെ മഞ്ഞുറഞ്ഞ് ഉണ്ടായ ശിവലിംഗം ഭക്തരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. ഈ ഹിമലിംഗം കാണുക മഴക്കാലത്ത് മാത്രമാണ്. മഞ്ഞുകാലത്ത് ഇത് ഉരുകി ഇല്ലാതാകും. എന്നാല്‍ ഇത്തവണ തീർത്ഥാടനകാലത്തു തന്നെ ശിവലിംഗം ഉരുകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി താഴ്വാരത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശിവലിംഗം ഉരുകി മെലിഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതെസമയം ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

അതെസമയം ജൂൺ 29ന് തുടങ്ങിയ തീർത്ഥയാത്രയുടെ ഭാഗമായി ആദ്യ അഞ്ച് ദിവസത്തിനകം ഒരു ലക്ഷത്തിലധികം ഭക്തർ സ്ഥലത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്നുവരെയുള്ള കണക്കുകൾ ഒന്നര ലക്ഷത്തോളം പേർ എത്തിയെന്നും പറയുന്നു. കഴിഞ്ഞവർഷം സന്ദർശകരുടെ എണ്ണം ഒരു ലക്ഷമായത് തീർത്ഥാടനത്തിന്റെ പത്താം ദിവസമായിരുന്നു. 52 ദിവസം നീണ്ടുനിൽക്കുന്നതാണ് അമർനാഥ് തീർത്ഥാടനം. ഓഗസ്റ്റ് 19ന് തീർത്ഥാടനം സമാപിക്കും.

ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റേതും ഉൾപ്പടെ വിവിധ അർധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണ് തീർത്ഥാടനം നടക്കുന്നത്. 2 വഴികളിലൂടെയാണ് ഇത്തവണയും തീർഥയാത്ര. 48 കി.മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ-പഹൽഗാം വഴിയും 14 കി.മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണു തുറന്നിട്ടുള്ളത്. 14 കിലോമീറ്റർ ദൈർഘ്യമുള്ള ബാൽറ്റൽ പാത വളരെ ദുർഘടം പിടിച്ചതാണ്. കുത്തനെയുള്ള കയറ്റങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

അമർനാഥ് റൂട്ടിൽ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യുന്നുമുണ്ട്. ഇക്കാരണത്തിൽ ചിലയിടങ്ങളിൽ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് റൂട്ടിലും യാത്ര തടസ്സപ്പെടുകയുണ്ടായി. കഴിഞ്ഞവർഷം നാലര ലക്ഷം പേരാണ് അമർനാഥിലെത്തിയത്. ഇത്തവണ ഇതിൽക്കൂടുതലാളുകൾ എത്താനിടയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും കണ്ടെത്തിയത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്

മതസൌഹാർദ്ദത്തിന്റെ കേന്ദ്രസ്ഥാനമായാണ് അമർനാഥ് ഗുഹയെ കാണുന്നത്. ഈ ഹിമലിംഗം കണ്ടെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകാറുണ്ട്. ഇവർ പകരമായി അമർനാഥിലേക്കുള്ള വഴി വർ‌‍ഷാവർഷം പുനർനിർമ്മാണം ചെയ്യും.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ