നിരന്തരമായ വ്യായാമം
പതിവായുള്ള വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികൾ പിന്തുടരുന്നത് വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തിൽ ശരിയായ രീതിയിലുള്ളതും ആരോഗ്യത്തിന് ചേരുന്നതുമായ വ്യായാമം തിരഞ്ഞെടുക്കുക. രാവിലെയുള്ള നടത്തം, യോഗ, ജോഗിംങ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാൻ ശ്രമിക്കുക.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിൽ പ്രധാനിയാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ. കിംച്ചിയും യോഗർട്ടുമാണ് ഇവരുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ. ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് കുടലിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇന്ത്യൻ ഭക്ഷണശൈലിയിൽ പൊതുവെ പുളിപ്പിച്ച ഭക്ഷണങ്ങൾ അധികം ഉപയോഗിക്കാറില്ല. വീട്ടിലുണ്ടാക്കുന്ന തൈര്, അച്ചാർ, പരമ്പരാഗതമായ പുളിപ്പിച്ച പാനീയങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സഹായിക്കും.
സമീകൃതാഹാരം
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിലെ പ്രധാനിയാണ് പച്ചക്കറികൾ. വേവിക്കാത്തതും വേവിച്ചതുമായ പച്ചക്കറികളുടെ ഒരു കലവറ തന്നെ അവരുടെ തീൻ മേശയിലുണ്ടാകാറുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടാനും അതുപോലെ നല്ല ആരോഗ്യത്തിനും പുളിപ്പിച്ച ഭക്ഷണങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. കൂടാതെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ബാർലി ചായ
ബാർലിയുടെ ആരോഗ്യ ഗുണങ്ങൾ വളരെ പ്രശസ്തമാണ്. വറുത്ത ബാർലി ഉപയോഗിച്ച് തയാറാക്കുന്നതാണ് ബാർലി ചായ. പൊതുവെ ചൈന, സൗത്ത് കൊറിയ, ജപ്പാൻ എന്നീ സ്ഥലങ്ങളിൽ ആളുകൾ വളരെയധികമായി ഉപയോഗിക്കുന്നതാണ് ബാർലി ചായ. ചൂടോടെയും തണുപ്പോടെയും ഇത് കുടിക്കാവുന്നതാണ്. വയറിളക്കം, ക്ഷീണം, വീക്കം എന്നീ പ്രശ്നങ്ങൾ മാറ്റാൻ ഈ ചായ ഏറെ സഹായിക്കും. തിളപ്പിച്ച വെള്ളത്തിൽ വറുത്ത ബാർലി ചേർത്താണ് ഇത് തയാറാക്കുന്നത്. ബാർലിയിൽ വൈറ്റമിൻ ബിയും ധാതുക്കളും, അയൺ, സിങ്ക്, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമാണിത്.
കൂട്ടായ്മയും സുഹൃത്തുക്കളും
കൊറിയക്കാരുടെ പ്രധാന ശീലങ്ങളിലൊന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന രീതി. എന്നാൽ നമ്മുടെ നാട്ടിൽ കുടുംബത്തിലെ ഓരോരുത്തരും ഓരോ സമയത്തായിരിക്കും ഭക്ഷണം കഴിക്കുന്നത്. അത് അത്ര നല്ല ശീലമല്ല. എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയും ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരിയായി കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനും അതുപോലെ നല്ലൊരു കൂട്ടായ്മ നിലനിർത്താനും ഇത് നല്ലതാണ്.